25 Aug 2009

മഴ

ഏറെ കുറേ രാത്രികളില്‍
എന്റെ മനസ്സിലെ മയില്‍പീലികളെ തൊട്ടുഴിഞ്ഞും.........
എന്റെ ഏകാന്തതയിലെ നിശബ്ദതയെ ഭഞ്ജിച്ചു-
എന്റെ മുന്നില്‍ നീര്‍മണിതുള്ളിയായ്‌ വീണുടഞ്ഞും...
എന്റെ കവിളില്‍ നിന്‍
തണുത്ത ചുണ്ടിനാല്‍ സ്പര്ശിച്ചും
ഹൃദയത്തില്‍ പ്രണയതാളം കൊട്ടി
ആനന്ദ നൃത്തം ചവുട്ടിയും........
ആത്മാവില്‍ ആയിരം മഴവില്ല് വിരിയിച്ചു
ഒരു പ്രണയ ഗീതമായ് പെയ്തിറങ്ങിയ......

നീ എനിക്കെന്നും പ്രിയപ്പെട്ടവള്‍.....


നീ എന്നുമെന്റെ മുന്നില്‍ ശ്രവണസുന്ദരമാം
സംഗീതം പെയ്തു ആനന്ദത്തിലാറാടുമ്പോള്‍

നീയെന്റെ മുറ്റത്തു മാത്രമല്ല
എന്റെ മനസ്സിലും
ആത്മാവിനുള്ളറയിലും
പെയ്തു നിറയുകയായിരുന്നു......
പെയ്തുനിന്ന കുളിരിലും
നീ പ്രണയത്തിന്റെ ചൂട്
എനിക്കായ്‌ പകര്‍ന്നു തന്നു......

എന്റെ നിശകളെ സംഗീതസാന്ദ്രമാക്കി
എന്റെ വികാരങ്ങളെ അനുരാഗവിവശരാക്കി
പിന്നെയും പിന്നെയും നീ വന്നു ..
അതെ നീ എന്നെ പ്രണയിക്കുന്നതുപോലെ
തന്നെ ഞാനും നിന്നെ .................


ഒരുപാടുണ്ട് നിന്നോട് പറയുവാനായി
പക്ഷെ മുഴുവനും കേള്‍ക്കാതെ പോയതെന്തേ നീ....
എന്റെ സന്തോഷങ്ങളില്‍ കൂടെ ചിരിച്ചും

എന്റെ ദുഖങ്ങളില്‍ വിതുമ്പിക്കരഞ്ഞും
എത്രകാലത്തേക്ക് നീ ഉണ്ടാകും എന്കൂടെ
ഇനിയൊരുനാള്‍ എന്നോട് യാത്ര പറഞ്ഞു
എവിടെയ്ക്കോ നീ അകന്നുപോകും

പിന്നെ ഇരുളില്‍ തനിച്ചിരുന്നൊരുപാട്
വിരഹത്തിന്‍ കയ്പുനീര്‍ ഞാന്‍ കുടിച്ചിറക്കും

ഒടുവില്‍ നീ എത്തും എന്നരികില്‍
വീണ്ടും പുതിയൊരു ഗാനവുമായ്‌........

നമ്മളൊരുമിച്ചു വീണ്ടും കനവുകള്‍ നെയ്യും
പിന്നെ ഒരുപാടുനാള്‍ എന്റെ ജാലകപ്പഴുതില്‍
എന്‍ കരം പുണര്ന്നും എന്റെ
കവിളില്‍ തലോടിയും നീ ഇരിക്കും
നാം തമ്മില്‍ ഏറെ കഥകള്‍ പറഞ്ഞും
പരസ്പരം പ്രണയിച്ചും
വാരിപ്പുണര്ന്നും
വിരഹത്തിന്‍ നോവുകള്‍ പങ്കുവെച്ചും
പ്രണയത്തിന്‍ മധുരം പകുത്തു നുകര്‍ന്നും
ഇരിക്കുമ്പോള്‍....

നീ വീണ്ടും യാത്ര ചൊല്ലിയെന്‍ മാറില്‍-
നിന്‍ മുഖം ചേര്‍ത്തു പൊട്ടിക്കരയവേ
തെല്ലൊരുമാത്രയെങ്കിലും ആ ഒരുമാത്ര
എന്‍ മിഴിപ്പൂക്കളും തേന്‍ ചുരത്തി
അത് കണ്ടു സ്വര്‍ണ്ണനൂലുകള്‍ വാനില്‍നിന്നും
താഴേക്കൊഴുകിയെത്തി
പെരുമ്പറ കൊട്ടിയെന്‍ നെഞ്ചില്‍ ഒരു
നന്തുണി കേണു മയങ്ങി മെല്ലെ.....
ഇന്നും നാം പിരിയുന്നു
നാളേറെ കഴിഞ്ഞു നിന്‍ വരവും നോക്കി
ഞാന്‍ കാത്തിരിക്കാം

എന്‍ ജാലകങ്ങള്‍ നിനക്കായ്‌ തുറന്നിടാം
ഉടനെ നീ എത്തുമെന്ന പ്രതീക്ഷയോടെ
നിന്റെ പ്രിയതമന്‍ ........................

24 Aug 2009

നഷ്ടപ്പെട്ട കാല്‍പ്പാടുകള്‍

പുറകില്‍ കൊഴിഞ്ഞു വീണ
പൂവുകള്‍ ഏറെയുണ്ടായിരുന്നു......

വിരിഞ്ഞു നിന്നവയും.........
തിരക്കേറിയ യാത്രക്കിടയില്‍
തിരക്കൊഴിഞ്ഞു തിരിഞ്ഞൊന്നു
നോക്കുമ്പോള്‍

ചവുട്ടി വന്ന മണല്‍ത്തരികളില്‍
അവശേഷിക്കുന്ന കാല്‍പ്പാടുകള്‍...............
അവ ചിന്തയില്‍ ചിതലരിച്ച
ഓര്‍മ്മകളുടെ മാറാപ്പ് തുറന്നുവെച്ചു...
നിറങ്ങള്‍ നിറഞ്ഞതും, മങ്ങിയതും,
മാഞ്ഞുതുടങ്ങിയതും,
മായാതെ കിടക്കുന്നതുമായ
ഓര്‍മ്മകള്‍............

അവ മനസ്സിനു ചിറകു നല്‍കി....
പഴയകാലത്തിന്റെ സുഗന്ധം വമിക്കുന്ന
ഇടവഴികളില്‍,കലാലയങ്ങളില്‍,
അമ്പലമുറ്റങ്ങളില്‍....
കണ്ണീരു വീണു കുതിര്‍ന്നൊരു മണ്ണില്‍....
ആരോടും പറയാതെ
കോര്‍ത്തുവെച്ച ദുഖത്തിന്‍ മണിമാല
പൊട്ടിച്ചെറിഞ്ഞ പുഴയോരങ്ങളില്‍...
ഇരുളിനെ സ്നേഹിച്ച നാളുകളില്‍
ചേര്‍ത്തു പുല്‍കിയ ആല്‍മരച്ചുവട്ടിലും
ഒരുപിടി മോഹത്തിന്‍ വിത്തുകള്‍
വാരിയെറിഞ്ഞെങ്കിലും
ഒന്നും മുളക്കാതെ വരണ്ടുണങ്ങിയ വയലിലും....
വയറെരിഞ്ഞപ്പോള്‍ മതിവരുവോളം
ഊട്ടിയ കിണറിന്‍ കരയിലും.....
ഒരിക്കല്‍ കൂടി സഞ്ചരിച്ചു.......

സ്വപ്നം കാണാന്‍ പഠിപ്പിച്ച
നീലാകാശത്തിലെ വെള്ളിമേഘങ്ങള്‍ കണ്ടു
മോഹങ്ങള്‍ പകര്‍ന്നൊരു
താരാജനത്തെ കണ്ടു,..അമ്പിളിക്കലകണ്ടു..............

ബന്ധുക്കളെയും, സുഹൃത്തുക്കളെയും,
പിന്നെ എല്ലാമായിരുന്ന
മല്‍ പ്രേയസിയെയും കണ്ടു.........
ഒന്നും മിണ്ടുവാന്‍ തുനിഞ്ഞില്ല
എങ്കിലും എല്ലാ മുഖങ്ങളിലും
സഹതാപമായിരുന്നു.........

ഏറെ നേരം അവിടെ നില്‍ക്കാതെ
തിരിച്ചു പോന്നു......

കണ്ണുതുറന്നു ഈ പുതിയലോകത്തെ
ഒരു നോക്കു കണ്ടു,

അറിയാതെ ഒരു
ചുടുനെടുവീര്‍പ്പുണര്‍ന്നു പോയ്‌ ........

ഒരു മാത്ര പോലും തിരിഞ്ഞു
നോക്കാന്‍ ഇന്നിനി നേരമില്ല ......

ഇനിയൊരു ഇടവേള വരെ തുടരട്ടെ ഈ ജീവിതയാത്ര..............