24 Aug 2009

നഷ്ടപ്പെട്ട കാല്‍പ്പാടുകള്‍

പുറകില്‍ കൊഴിഞ്ഞു വീണ
പൂവുകള്‍ ഏറെയുണ്ടായിരുന്നു......

വിരിഞ്ഞു നിന്നവയും.........
തിരക്കേറിയ യാത്രക്കിടയില്‍
തിരക്കൊഴിഞ്ഞു തിരിഞ്ഞൊന്നു
നോക്കുമ്പോള്‍

ചവുട്ടി വന്ന മണല്‍ത്തരികളില്‍
അവശേഷിക്കുന്ന കാല്‍പ്പാടുകള്‍...............
അവ ചിന്തയില്‍ ചിതലരിച്ച
ഓര്‍മ്മകളുടെ മാറാപ്പ് തുറന്നുവെച്ചു...
നിറങ്ങള്‍ നിറഞ്ഞതും, മങ്ങിയതും,
മാഞ്ഞുതുടങ്ങിയതും,
മായാതെ കിടക്കുന്നതുമായ
ഓര്‍മ്മകള്‍............

അവ മനസ്സിനു ചിറകു നല്‍കി....
പഴയകാലത്തിന്റെ സുഗന്ധം വമിക്കുന്ന
ഇടവഴികളില്‍,കലാലയങ്ങളില്‍,
അമ്പലമുറ്റങ്ങളില്‍....
കണ്ണീരു വീണു കുതിര്‍ന്നൊരു മണ്ണില്‍....
ആരോടും പറയാതെ
കോര്‍ത്തുവെച്ച ദുഖത്തിന്‍ മണിമാല
പൊട്ടിച്ചെറിഞ്ഞ പുഴയോരങ്ങളില്‍...
ഇരുളിനെ സ്നേഹിച്ച നാളുകളില്‍
ചേര്‍ത്തു പുല്‍കിയ ആല്‍മരച്ചുവട്ടിലും
ഒരുപിടി മോഹത്തിന്‍ വിത്തുകള്‍
വാരിയെറിഞ്ഞെങ്കിലും
ഒന്നും മുളക്കാതെ വരണ്ടുണങ്ങിയ വയലിലും....
വയറെരിഞ്ഞപ്പോള്‍ മതിവരുവോളം
ഊട്ടിയ കിണറിന്‍ കരയിലും.....
ഒരിക്കല്‍ കൂടി സഞ്ചരിച്ചു.......

സ്വപ്നം കാണാന്‍ പഠിപ്പിച്ച
നീലാകാശത്തിലെ വെള്ളിമേഘങ്ങള്‍ കണ്ടു
മോഹങ്ങള്‍ പകര്‍ന്നൊരു
താരാജനത്തെ കണ്ടു,..അമ്പിളിക്കലകണ്ടു..............

ബന്ധുക്കളെയും, സുഹൃത്തുക്കളെയും,
പിന്നെ എല്ലാമായിരുന്ന
മല്‍ പ്രേയസിയെയും കണ്ടു.........
ഒന്നും മിണ്ടുവാന്‍ തുനിഞ്ഞില്ല
എങ്കിലും എല്ലാ മുഖങ്ങളിലും
സഹതാപമായിരുന്നു.........

ഏറെ നേരം അവിടെ നില്‍ക്കാതെ
തിരിച്ചു പോന്നു......

കണ്ണുതുറന്നു ഈ പുതിയലോകത്തെ
ഒരു നോക്കു കണ്ടു,

അറിയാതെ ഒരു
ചുടുനെടുവീര്‍പ്പുണര്‍ന്നു പോയ്‌ ........

ഒരു മാത്ര പോലും തിരിഞ്ഞു
നോക്കാന്‍ ഇന്നിനി നേരമില്ല ......

ഇനിയൊരു ഇടവേള വരെ തുടരട്ടെ ഈ ജീവിതയാത്ര..............

2 comments:

  1. വരികള്‍ ഒന്നൂടെ ചിട്ടയോടെ ക്രമീകരിക്യാണേല്‍ ആകര്‍ഷകമാവുമെന്ന് തോന്നുന്നു.ന്‍റെ തോന്നല്‍ മാത്രമാണൂട്ടോ.ശരിയാവണംന്നില്ല.

    എഴുത്ത് തുടരുക.ആശംസകള്‍

    ReplyDelete
  2. താങ്കളുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി.
    താങ്കള്‍ പറഞ്ഞത് പോലെ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്
    ഇനിയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete