30 Sept 2009

പ്രണയം ഒരോര്‍മ്മ

ഹൃദയത്തിന്‍ താളുകളില്‍ സൂക്ഷിച്ച
ഒരു മയില്‍പീലിപോലെ
മനസ്സിന്റെ മണിവേണുവില്‍ കാറ്റ്-
തഴുകിയുണര്‍ത്തിയ
മധുര ഗീതം പോലെ
ഓര്‍മ്മതന്‍ പൂങ്കാവനങ്ങളില്‍
എന്റെ കൈ പിടിച്ചെന്റെ തോളോടുരുമ്മി
-യെന്‍ മാറില്‍ തലചായ്ച്ചു കഥകള്‍ പറഞ്ഞും
കളിവാക്ക് ചൊല്ലിയും കവിതകള്‍ മൂളിയും
ദാഹനീര്‍ കേഴുമെന്‍ ആത്മാവിലനുരാഗ -
തേന്‍ കണം തൂകി നീ
ഇന്നുമെന്‍ അരികിലുണ്ടെങ്കില്‍.........

അറിയുന്നു ഞാനിന്നു പ്രണയത്തെ(?)

ഒരു പനീര്പൂവില്‍നിന്നുടലാര്‍ന്ന പ്രണയത്തെ
നിറമേകി മണമേകി മധുരം പുരട്ടി നീ
ഒരുപാടെനിക്കന്നു നല്‍കി
പിന്നെ ഇടവഴിയിലോടുവില്‍ നിന്‍
വാക്കുകള്‍ കേട്ടു ഞാന്‍
ശരശയ്യയില്‍ വീണുറങ്ങി

പ്രണയത്തിനെക്കാള്‍ പ്രിയങ്കരമാണിന്നു
മധുരം കനയ്ക്കുന്ന വിരഹ ദുഖം

എന്നെ വീര്‍പ്പുമുട്ടിച്ചൊരാ പോയകാലങ്ങളെ
തുടലിട്ടു പൂട്ടിയെന്‍ കനവിന്റെ തടവറയില്‍
അന്ധകാരത്തില്‍ തളയ്ക്കുവാന്‍
എന്നെ താങ്ങിനിന്നോരാ മധുര വികാരത്തെ -
അറിയുന്നു ഞാനിന്നു വിരഹത്തെ
കളയില്ല ഞാനെന്റെ മധുരനൊമ്പരങ്ങളെ
മൌനത്തിന്‍ മണിഗോപുര സൌധത്തില്‍
വച്ചു‌ പൂജിച്ചിടാന്‍
ഓര്‍മ്മയില്‍ സൂക്ഷിക്കുമെന്നും

കുത്തിനോവിക്കാന്‍ മുതിര്‍ന്നാലും
മനം വേദന കൊണ്ടു പിടഞ്ഞാലും
കരള്‍ നീറിപ്പുകഞ്ഞങ്ങെരിഞ്ഞാലും
വെറുക്കില്ല ഞാന്‍ നിന്നെ ശപിക്കയും ഇല്ല

പറയില്ല ഞാനെന്റെ കദനഭാരത്തെ

ഇഷ്ടപ്പെടുന്നില്ല ഇന്നെന്റെ ദുഃഖങ്ങള്‍
മറ്റൊരാള്‍ക്കായി പകുത്തുനല്കീടുവാന്‍
എന്റെ ദുഃഖങ്ങള്‍ എന്നില്‍ മുളച്ചവ
എന്നില്‍ തളിര്ത്തവ
എന്നില്‍ വേരിറക്കി വട-
വൃക്ഷമായ്‌ വളര്ന്നവ
എന്റെ ദേഹത്തിനൊപ്പം
എരിഞ്ഞടങ്ങേണ്ടുന്നവ
അറിയാതിരിക്കട്ടെ മറ്റാരുമിക്കഥ
പറയാന്‍ മുതിരില്ലൊരിക്കലും ഞാനും
ഒരു പക്ഷേ ഞാന്‍ കരഞ്ഞുപോയേക്കാം

ആരു നീ

ഇന്നലെയെന്റെ
പകല്‍ക്കിനാവില്‍
അജ്ഞാതയാമവള്‍ വന്നു
മുഖം തെല്ലുകാണിച്ചെന്റെ
ഓര്‍മ്മതന്‍ വാതിലിന്‍
പിന്നില്‍ മറഞ്ഞങ്ങു നിന്നു

അവള്‍
എവിടെയോ ജനിച്ചവള്‍
പിന്നെവിടെയോ വളര്‍ന്നു
ജീവിച്ചു മരിച്ചവള്‍


അതിന്നിടയ്ക്കവള്‍ പുത്രിയായ്
പെങ്ങളായ് പ്രണയിനിയായ്‌
പത്നിയായ്‌ അമ്മയായ്
വേഷമിട്ടവള്‍

അമ്മയ്ക്കു കണ്ണിലെ
മണിയായിരുന്നവള്‍
അച്ഛന്നു നെഞ്ചിലെ
കുളിരായിരുന്നവള്‍
വീടിന്നു ശ്രീയായ്
കുടികൊണ്ടവള്‍-അവള്‍

സ്വപ്നലോകങ്ങളില്‍
വിഹരിച്ച കാലത്തു
ദാവണി ചുറ്റി നിറങ്ങളെ
മോഹിച്ചവള്‍
പ്രണയിച്ചവള്‍........
തന്റെ പ്രിയനായി
പ്രണയം
പകുത്തവള്‍
പലരോടും
പ്രണയം നടിച്ചവള്‍
പിന്നെ പ്രണയ വഞ്ചനയുടെ
ചിതയില്‍ സതിയായവള്‍

മാതാപിതാക്കളെ കണ്ണീരണിയിച്ചു
സുമംഗലിയായവള്‍
കൈ വീശി കണ്ണുതുടച്ചു
ദൂരെക്കകന്നവള്‍

ഭര്‍തൃഗൃഹത്തിലെ
ശ്രീയായ് വിളങ്ങിയോള്‍
അവിടെ -
വെറുക്കപ്പെടുന്നവള്‍

കഷ്ട്ടപ്പെടുന്നവള്‍
ചിതറിത്തെറിച്ചും
കത്തിയുമമര്‍ന്നവള്‍

ജീവിതയാത്രയില്‍ ആണിന്നു
കൂട്ടായ്‌ കൂടെ നടന്നവള്‍
എവിടെയോ ഒറ്റപ്പെടുന്നവള്‍
പിന്നെ തനിയെ നടന്നവള്‍
തന്റെ കാന്തന്റെ വിജയത്തിന്‍
തേരാളിയായവള്‍


തന്റെ മെയ്യില്നിന്നുയിരിട്ട
ജീവനെ മാറോടണച്ചുമ്മവെച്ചവള്‍
അധിക ഭാരമായ്‌ത്തോന്നി
തന്‍ കുഞ്ഞിനെ
ഓടയിലെറിഞ്ഞവള്‍
കാട്ടില്‍ കളഞ്ഞവള്‍
ഒരുനേരം കുഞ്ഞിന്‍
വയര്‍ നിറയ്ക്കാന്‍ തന്റെ
ഉടുമുണ്ടുരിഞ്ഞവള്‍
എല്ലാം സഹിച്ചു തന്‍-
വയര്‍ മുറുക്കി, പട്ടിണി -
യുണ്ടു മരിച്ചവള്‍


വിജനതയിലെങ്ങോ
ചീന്തിയെറിയപ്പെട്ടവള്‍
അപമാനിതയായി
വിതുമ്പിക്കരഞ്ഞവള്‍
പ്രതികാര ദുര്ഗ്ഗയായ്‌
വാളോങ്ങിനിന്നവള്‍
വായുവിലലിഞ്ഞവള്‍
വിജയം വരിച്ചവള്‍
അവളെ ഞാനെന്തു
വിളിക്കേണ്ടൂ ..............