30 Sept 2009

ആരു നീ

ഇന്നലെയെന്റെ
പകല്‍ക്കിനാവില്‍
അജ്ഞാതയാമവള്‍ വന്നു
മുഖം തെല്ലുകാണിച്ചെന്റെ
ഓര്‍മ്മതന്‍ വാതിലിന്‍
പിന്നില്‍ മറഞ്ഞങ്ങു നിന്നു

അവള്‍
എവിടെയോ ജനിച്ചവള്‍
പിന്നെവിടെയോ വളര്‍ന്നു
ജീവിച്ചു മരിച്ചവള്‍


അതിന്നിടയ്ക്കവള്‍ പുത്രിയായ്
പെങ്ങളായ് പ്രണയിനിയായ്‌
പത്നിയായ്‌ അമ്മയായ്
വേഷമിട്ടവള്‍

അമ്മയ്ക്കു കണ്ണിലെ
മണിയായിരുന്നവള്‍
അച്ഛന്നു നെഞ്ചിലെ
കുളിരായിരുന്നവള്‍
വീടിന്നു ശ്രീയായ്
കുടികൊണ്ടവള്‍-അവള്‍

സ്വപ്നലോകങ്ങളില്‍
വിഹരിച്ച കാലത്തു
ദാവണി ചുറ്റി നിറങ്ങളെ
മോഹിച്ചവള്‍
പ്രണയിച്ചവള്‍........
തന്റെ പ്രിയനായി
പ്രണയം
പകുത്തവള്‍
പലരോടും
പ്രണയം നടിച്ചവള്‍
പിന്നെ പ്രണയ വഞ്ചനയുടെ
ചിതയില്‍ സതിയായവള്‍

മാതാപിതാക്കളെ കണ്ണീരണിയിച്ചു
സുമംഗലിയായവള്‍
കൈ വീശി കണ്ണുതുടച്ചു
ദൂരെക്കകന്നവള്‍

ഭര്‍തൃഗൃഹത്തിലെ
ശ്രീയായ് വിളങ്ങിയോള്‍
അവിടെ -
വെറുക്കപ്പെടുന്നവള്‍

കഷ്ട്ടപ്പെടുന്നവള്‍
ചിതറിത്തെറിച്ചും
കത്തിയുമമര്‍ന്നവള്‍

ജീവിതയാത്രയില്‍ ആണിന്നു
കൂട്ടായ്‌ കൂടെ നടന്നവള്‍
എവിടെയോ ഒറ്റപ്പെടുന്നവള്‍
പിന്നെ തനിയെ നടന്നവള്‍
തന്റെ കാന്തന്റെ വിജയത്തിന്‍
തേരാളിയായവള്‍


തന്റെ മെയ്യില്നിന്നുയിരിട്ട
ജീവനെ മാറോടണച്ചുമ്മവെച്ചവള്‍
അധിക ഭാരമായ്‌ത്തോന്നി
തന്‍ കുഞ്ഞിനെ
ഓടയിലെറിഞ്ഞവള്‍
കാട്ടില്‍ കളഞ്ഞവള്‍
ഒരുനേരം കുഞ്ഞിന്‍
വയര്‍ നിറയ്ക്കാന്‍ തന്റെ
ഉടുമുണ്ടുരിഞ്ഞവള്‍
എല്ലാം സഹിച്ചു തന്‍-
വയര്‍ മുറുക്കി, പട്ടിണി -
യുണ്ടു മരിച്ചവള്‍


വിജനതയിലെങ്ങോ
ചീന്തിയെറിയപ്പെട്ടവള്‍
അപമാനിതയായി
വിതുമ്പിക്കരഞ്ഞവള്‍
പ്രതികാര ദുര്ഗ്ഗയായ്‌
വാളോങ്ങിനിന്നവള്‍
വായുവിലലിഞ്ഞവള്‍
വിജയം വരിച്ചവള്‍
അവളെ ഞാനെന്തു
വിളിക്കേണ്ടൂ ..............

No comments:

Post a Comment