19 Feb 2012

മണിമുഴക്കം


ടുത്തുപോയീ ഞാന്‍ ഉടുത്തോരീ തോലും
എടുത്തൊരീ കോലും
തെളിഞ്ഞോരീക്കാട്ടില്‍ ഉരിഞ്ഞെറിഞ്ഞോട്ടെ
 
മുനിഞ്ഞു കത്തുന്ന മെഴുതിരിക്കോലില്‍
ഉരുണ്ടു നീങ്ങുന്ന മെഴുകുകോലങ്ങള്‍
 
ജനുവരിയിലെ തണുത്ത കാറ്റെന്തോ
ചികഞ്ഞു നോക്കുന്നു ജനലിനക്കരെ
 
സ്മരണയിലെങ്ങോ പിറന്നു വീഴുന്ന
പുതിയ പൈതങ്ങള്‍ പതിഞ്ഞു പാടുന്നു

വിധി ഗണിച്ചു ചൊല്ലിയ ഗുണവാനേയെന്നെ
ഗുണിച്ചു നോക്കുവാന്‍ മറന്നു പോകല്ലേ

വെളുത്ത രക്തത്താല്‍ മലിനമായൊരെന്‍
മനസ്സിലോര്‍മ്മകള്‍ വ്യഭിച്ചരിക്കുമ്പോള്‍

ഡയറിക്കുള്ളില്‍ ഞാന്‍ ഒളിച്ചുവെച്ച നിന്‍
മയില്‍പീലിത്തുണ്ടാ നിലാവുകാണവേ

വന്നിടൂ കനത്തകാല്‍ ചിലമ്പും കിലുക്കി നീ
അന്ധകാരത്തിന്‍ മൂടുപടവും ധരിച്ചുനീ
കൊണ്ടുപോകുവാനെന്നെ വന്നിടൂ മരണമേ..


താഴെ വീണുറങ്ങുമെന്‍
നിശ്ചല ദേഹത്തിന്റെ
നിലച്ച ഹൃദയത്തില്‍ നിന്നെക്കാത്തിരിപ്പൂ ഞാന്‍...


17 Feb 2012

നീ...

ചുണ്ടിലെരിയുന്ന സിഗരറ്റുപോലെ

നിന്റെയോര്‍മ്മകള്‍.

ഒടുവിലത്,

ചുണ്ടിനെ പൊള്ളിച്ചു താഴെവീഴും.

നെഞ്ചില്‍ ഒരുകവിള്‍ പുകമാത്രം

ബാക്കിയാകും.


30 Sept 2009

പ്രണയം ഒരോര്‍മ്മ

ഹൃദയത്തിന്‍ താളുകളില്‍ സൂക്ഷിച്ച
ഒരു മയില്‍പീലിപോലെ
മനസ്സിന്റെ മണിവേണുവില്‍ കാറ്റ്-
തഴുകിയുണര്‍ത്തിയ
മധുര ഗീതം പോലെ
ഓര്‍മ്മതന്‍ പൂങ്കാവനങ്ങളില്‍
എന്റെ കൈ പിടിച്ചെന്റെ തോളോടുരുമ്മി
-യെന്‍ മാറില്‍ തലചായ്ച്ചു കഥകള്‍ പറഞ്ഞും
കളിവാക്ക് ചൊല്ലിയും കവിതകള്‍ മൂളിയും
ദാഹനീര്‍ കേഴുമെന്‍ ആത്മാവിലനുരാഗ -
തേന്‍ കണം തൂകി നീ
ഇന്നുമെന്‍ അരികിലുണ്ടെങ്കില്‍.........

അറിയുന്നു ഞാനിന്നു പ്രണയത്തെ(?)

ഒരു പനീര്പൂവില്‍നിന്നുടലാര്‍ന്ന പ്രണയത്തെ
നിറമേകി മണമേകി മധുരം പുരട്ടി നീ
ഒരുപാടെനിക്കന്നു നല്‍കി
പിന്നെ ഇടവഴിയിലോടുവില്‍ നിന്‍
വാക്കുകള്‍ കേട്ടു ഞാന്‍
ശരശയ്യയില്‍ വീണുറങ്ങി

പ്രണയത്തിനെക്കാള്‍ പ്രിയങ്കരമാണിന്നു
മധുരം കനയ്ക്കുന്ന വിരഹ ദുഖം

എന്നെ വീര്‍പ്പുമുട്ടിച്ചൊരാ പോയകാലങ്ങളെ
തുടലിട്ടു പൂട്ടിയെന്‍ കനവിന്റെ തടവറയില്‍
അന്ധകാരത്തില്‍ തളയ്ക്കുവാന്‍
എന്നെ താങ്ങിനിന്നോരാ മധുര വികാരത്തെ -
അറിയുന്നു ഞാനിന്നു വിരഹത്തെ
കളയില്ല ഞാനെന്റെ മധുരനൊമ്പരങ്ങളെ
മൌനത്തിന്‍ മണിഗോപുര സൌധത്തില്‍
വച്ചു‌ പൂജിച്ചിടാന്‍
ഓര്‍മ്മയില്‍ സൂക്ഷിക്കുമെന്നും

കുത്തിനോവിക്കാന്‍ മുതിര്‍ന്നാലും
മനം വേദന കൊണ്ടു പിടഞ്ഞാലും
കരള്‍ നീറിപ്പുകഞ്ഞങ്ങെരിഞ്ഞാലും
വെറുക്കില്ല ഞാന്‍ നിന്നെ ശപിക്കയും ഇല്ല

പറയില്ല ഞാനെന്റെ കദനഭാരത്തെ

ഇഷ്ടപ്പെടുന്നില്ല ഇന്നെന്റെ ദുഃഖങ്ങള്‍
മറ്റൊരാള്‍ക്കായി പകുത്തുനല്കീടുവാന്‍
എന്റെ ദുഃഖങ്ങള്‍ എന്നില്‍ മുളച്ചവ
എന്നില്‍ തളിര്ത്തവ
എന്നില്‍ വേരിറക്കി വട-
വൃക്ഷമായ്‌ വളര്ന്നവ
എന്റെ ദേഹത്തിനൊപ്പം
എരിഞ്ഞടങ്ങേണ്ടുന്നവ
അറിയാതിരിക്കട്ടെ മറ്റാരുമിക്കഥ
പറയാന്‍ മുതിരില്ലൊരിക്കലും ഞാനും
ഒരു പക്ഷേ ഞാന്‍ കരഞ്ഞുപോയേക്കാം

ആരു നീ

ഇന്നലെയെന്റെ
പകല്‍ക്കിനാവില്‍
അജ്ഞാതയാമവള്‍ വന്നു
മുഖം തെല്ലുകാണിച്ചെന്റെ
ഓര്‍മ്മതന്‍ വാതിലിന്‍
പിന്നില്‍ മറഞ്ഞങ്ങു നിന്നു

അവള്‍
എവിടെയോ ജനിച്ചവള്‍
പിന്നെവിടെയോ വളര്‍ന്നു
ജീവിച്ചു മരിച്ചവള്‍


അതിന്നിടയ്ക്കവള്‍ പുത്രിയായ്
പെങ്ങളായ് പ്രണയിനിയായ്‌
പത്നിയായ്‌ അമ്മയായ്
വേഷമിട്ടവള്‍

അമ്മയ്ക്കു കണ്ണിലെ
മണിയായിരുന്നവള്‍
അച്ഛന്നു നെഞ്ചിലെ
കുളിരായിരുന്നവള്‍
വീടിന്നു ശ്രീയായ്
കുടികൊണ്ടവള്‍-അവള്‍

സ്വപ്നലോകങ്ങളില്‍
വിഹരിച്ച കാലത്തു
ദാവണി ചുറ്റി നിറങ്ങളെ
മോഹിച്ചവള്‍
പ്രണയിച്ചവള്‍........
തന്റെ പ്രിയനായി
പ്രണയം
പകുത്തവള്‍
പലരോടും
പ്രണയം നടിച്ചവള്‍
പിന്നെ പ്രണയ വഞ്ചനയുടെ
ചിതയില്‍ സതിയായവള്‍

മാതാപിതാക്കളെ കണ്ണീരണിയിച്ചു
സുമംഗലിയായവള്‍
കൈ വീശി കണ്ണുതുടച്ചു
ദൂരെക്കകന്നവള്‍

ഭര്‍തൃഗൃഹത്തിലെ
ശ്രീയായ് വിളങ്ങിയോള്‍
അവിടെ -
വെറുക്കപ്പെടുന്നവള്‍

കഷ്ട്ടപ്പെടുന്നവള്‍
ചിതറിത്തെറിച്ചും
കത്തിയുമമര്‍ന്നവള്‍

ജീവിതയാത്രയില്‍ ആണിന്നു
കൂട്ടായ്‌ കൂടെ നടന്നവള്‍
എവിടെയോ ഒറ്റപ്പെടുന്നവള്‍
പിന്നെ തനിയെ നടന്നവള്‍
തന്റെ കാന്തന്റെ വിജയത്തിന്‍
തേരാളിയായവള്‍


തന്റെ മെയ്യില്നിന്നുയിരിട്ട
ജീവനെ മാറോടണച്ചുമ്മവെച്ചവള്‍
അധിക ഭാരമായ്‌ത്തോന്നി
തന്‍ കുഞ്ഞിനെ
ഓടയിലെറിഞ്ഞവള്‍
കാട്ടില്‍ കളഞ്ഞവള്‍
ഒരുനേരം കുഞ്ഞിന്‍
വയര്‍ നിറയ്ക്കാന്‍ തന്റെ
ഉടുമുണ്ടുരിഞ്ഞവള്‍
എല്ലാം സഹിച്ചു തന്‍-
വയര്‍ മുറുക്കി, പട്ടിണി -
യുണ്ടു മരിച്ചവള്‍


വിജനതയിലെങ്ങോ
ചീന്തിയെറിയപ്പെട്ടവള്‍
അപമാനിതയായി
വിതുമ്പിക്കരഞ്ഞവള്‍
പ്രതികാര ദുര്ഗ്ഗയായ്‌
വാളോങ്ങിനിന്നവള്‍
വായുവിലലിഞ്ഞവള്‍
വിജയം വരിച്ചവള്‍
അവളെ ഞാനെന്തു
വിളിക്കേണ്ടൂ ..............

25 Aug 2009

മഴ

ഏറെ കുറേ രാത്രികളില്‍
എന്റെ മനസ്സിലെ മയില്‍പീലികളെ തൊട്ടുഴിഞ്ഞും.........
എന്റെ ഏകാന്തതയിലെ നിശബ്ദതയെ ഭഞ്ജിച്ചു-
എന്റെ മുന്നില്‍ നീര്‍മണിതുള്ളിയായ്‌ വീണുടഞ്ഞും...
എന്റെ കവിളില്‍ നിന്‍
തണുത്ത ചുണ്ടിനാല്‍ സ്പര്ശിച്ചും
ഹൃദയത്തില്‍ പ്രണയതാളം കൊട്ടി
ആനന്ദ നൃത്തം ചവുട്ടിയും........
ആത്മാവില്‍ ആയിരം മഴവില്ല് വിരിയിച്ചു
ഒരു പ്രണയ ഗീതമായ് പെയ്തിറങ്ങിയ......

നീ എനിക്കെന്നും പ്രിയപ്പെട്ടവള്‍.....


നീ എന്നുമെന്റെ മുന്നില്‍ ശ്രവണസുന്ദരമാം
സംഗീതം പെയ്തു ആനന്ദത്തിലാറാടുമ്പോള്‍

നീയെന്റെ മുറ്റത്തു മാത്രമല്ല
എന്റെ മനസ്സിലും
ആത്മാവിനുള്ളറയിലും
പെയ്തു നിറയുകയായിരുന്നു......
പെയ്തുനിന്ന കുളിരിലും
നീ പ്രണയത്തിന്റെ ചൂട്
എനിക്കായ്‌ പകര്‍ന്നു തന്നു......

എന്റെ നിശകളെ സംഗീതസാന്ദ്രമാക്കി
എന്റെ വികാരങ്ങളെ അനുരാഗവിവശരാക്കി
പിന്നെയും പിന്നെയും നീ വന്നു ..
അതെ നീ എന്നെ പ്രണയിക്കുന്നതുപോലെ
തന്നെ ഞാനും നിന്നെ .................


ഒരുപാടുണ്ട് നിന്നോട് പറയുവാനായി
പക്ഷെ മുഴുവനും കേള്‍ക്കാതെ പോയതെന്തേ നീ....
എന്റെ സന്തോഷങ്ങളില്‍ കൂടെ ചിരിച്ചും

എന്റെ ദുഖങ്ങളില്‍ വിതുമ്പിക്കരഞ്ഞും
എത്രകാലത്തേക്ക് നീ ഉണ്ടാകും എന്കൂടെ
ഇനിയൊരുനാള്‍ എന്നോട് യാത്ര പറഞ്ഞു
എവിടെയ്ക്കോ നീ അകന്നുപോകും

പിന്നെ ഇരുളില്‍ തനിച്ചിരുന്നൊരുപാട്
വിരഹത്തിന്‍ കയ്പുനീര്‍ ഞാന്‍ കുടിച്ചിറക്കും

ഒടുവില്‍ നീ എത്തും എന്നരികില്‍
വീണ്ടും പുതിയൊരു ഗാനവുമായ്‌........

നമ്മളൊരുമിച്ചു വീണ്ടും കനവുകള്‍ നെയ്യും
പിന്നെ ഒരുപാടുനാള്‍ എന്റെ ജാലകപ്പഴുതില്‍
എന്‍ കരം പുണര്ന്നും എന്റെ
കവിളില്‍ തലോടിയും നീ ഇരിക്കും
നാം തമ്മില്‍ ഏറെ കഥകള്‍ പറഞ്ഞും
പരസ്പരം പ്രണയിച്ചും
വാരിപ്പുണര്ന്നും
വിരഹത്തിന്‍ നോവുകള്‍ പങ്കുവെച്ചും
പ്രണയത്തിന്‍ മധുരം പകുത്തു നുകര്‍ന്നും
ഇരിക്കുമ്പോള്‍....

നീ വീണ്ടും യാത്ര ചൊല്ലിയെന്‍ മാറില്‍-
നിന്‍ മുഖം ചേര്‍ത്തു പൊട്ടിക്കരയവേ
തെല്ലൊരുമാത്രയെങ്കിലും ആ ഒരുമാത്ര
എന്‍ മിഴിപ്പൂക്കളും തേന്‍ ചുരത്തി
അത് കണ്ടു സ്വര്‍ണ്ണനൂലുകള്‍ വാനില്‍നിന്നും
താഴേക്കൊഴുകിയെത്തി
പെരുമ്പറ കൊട്ടിയെന്‍ നെഞ്ചില്‍ ഒരു
നന്തുണി കേണു മയങ്ങി മെല്ലെ.....
ഇന്നും നാം പിരിയുന്നു
നാളേറെ കഴിഞ്ഞു നിന്‍ വരവും നോക്കി
ഞാന്‍ കാത്തിരിക്കാം

എന്‍ ജാലകങ്ങള്‍ നിനക്കായ്‌ തുറന്നിടാം
ഉടനെ നീ എത്തുമെന്ന പ്രതീക്ഷയോടെ
നിന്റെ പ്രിയതമന്‍ ........................